Tuesday, February 4, 2014

ഫേസ്‌ബുക്കിന്‌ ഇന്ന്‌ പത്താം ജന്മദിനം


ഫേസ്‌ബുക്കിന്‌ ഇന്ന്‌ പത്താം ജന്മദിനം ; ആസ്‌തി 13,500 കോടി ഡോളര്‍ 

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്കിന്‌ ഇന്ന്‌ പത്തു വയസ്സു തികയുന്നു. പത്തു വര്‍ഷം മുമ്പ്‌ 2004, ഫെബ്രുവരി നാലിനാണ്‌ ഫേസ്‌ബുക്ക്‌ വെബ്‌ലോകത്ത്‌ പിച്ചവെച്ചു തുടങ്ങിയത്‌. മറ്റൊരു വെബ്‌സൈറ്റിനും അവകാശപ്പെടാനാകാത്ത വളര്‍ച്ചയാണ്‌ പിന്നീട്‌ ഫേസ്‌ബുക്കിനുണ്ടായത്‌. ഇന്ന്‌ 123 കോടിയിലേറെ ഉപയോക്‌താക്കള്‍ 600 കോടിയോളം ലൈക്കുകളും 35 കോടി ഫോട്ടോ അപ്‌ലോഡുകളുമാണ്‌ പ്രതിദിനം ഫേസ്‌ബുക്കില്‍ ചെയ്യുന്നത്‌. മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്‌ എന്ന ഇരുപതുകാരനായ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഹാവാര്‍ഡ്‌ സര്‍വ്വകലാശാലയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ച ഫേസ്‌ബുക്കിന്റെ നിലവിലെ ആസ്‌തി 13,500 കോടി (135 ബില്ല്യണ്‍) ഡോളറാണ്‌. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും 63 ശതമാനം വളര്‍ച്ചയാണ്‌ ഫേസ്‌ബുക്കിനുള്ളത്‌. ഏറ്റവും വേഗത്തില്‍ 150 കോടി ആസ്‌തി നേടുന്ന കമ്പനിയാകാനുള്ള കുതിപ്പിലാണ്‌ ഫേസ്‌ബുക്ക്‌ ഇപ്പോള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഫേസ്‌ബുക്കിന്റെ ഭാവി അത്ര ശോഭനമല്ലെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. 2017 ആകുമ്പോഴേക്കും ഫേസ്‌ബുക്കിന്റെ നിലവിലെ ഉപയോക്‌താക്കളില്‍ 80 ശതമാനവും കൊഴിഞ്ഞുപോയിട്ടുണ്ടാകുമെന്നാണ്‌ പ്രിന്‍സ്‌റ്റണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി കൗമാരക്കാരുടെ എണ്ണത്തിലും വന്‍ കുറവാണുണ്ടായിരിക്കുന്നതെന്ന്‌ ഫേസ്‌ബുക്കും സമ്മതിക്കുന്നു. സ്‌മാര്‍ട്ട്‌ഫോണുകളുടെയും ആപ്ലിക്കേഷനുകളുടെയും ആവിര്‍ഭാവമാണ്‌ ഫേസ്‌ബുക്കിന്‌ തിരിച്ചടിയായത്‌. മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍ പതിപ്പിറക്കാനും ഉപയോക്‌താക്കളെ ആകര്‍ഷിക്കാനായി 80 ശതമാനത്തോളം തുക അധികം ചെലവിട്ട്‌ സൈറ്റ്‌ പുതുക്കാനുമുള്ള ശ്രമത്തിലാണ്‌ ഫേസ്‌ബുക്ക്‌ അധികൃതരിപ്പോള്‍. 

No comments:

Post a Comment